Saturday, August 17, 2013

സവോളോം കി സിന്തഗി ....!!!!

 
 
ഡെങ്കിപ്പനി പിടിച്ച് ടിക്കറ്റ് വില്ക്കാനാവാതെ കച്ചവടത്തിൽ 500 രൂപയുടെ നഷ്ട്ടം വന്ന ലോട്ടറിക്കാരന് കാരുണ്യ ബമ്പർ അടിച്ചത് പോലെയാണ് 'മിസ്റ്റർ  സവോള' പെട്ടന്നങ്ങോട്ട് സെലിബ്രിറ്റി ആയത് ,അതേ , ചില തിരിച്ചുവരവുകൾ അങ്ങനെയാണ് . ലെഫ്റ്റും റൈറ്റും നോക്കാതെ ഒരൊറ്റ വരവാണ് . 
എന്നാലും എന്റെ സവോളേ ,ഇതൊരുമാതിരി കോപ്പിലെ വരവായിപ്പോയി . ഇത്രയ്ക്കങ്ങട്  ബേണ്ടാർന്ന് . കഴിഞ്ഞ തവണ ഇത് പോലെ വില കൂടിയ സമയത്ത് ഹോട്ടലിലൊന്നും ബീഫ് ഫ്രൈയ്യുടെ മുകളിൽ  ഷോയ്ക്ക് വയ്ക്കുന്ന സവോള കഷ്ണങ്ങൾ കാണാനേ ഇല്ലായിരുന്നു. അത് ചോദ്യം ചെയ്തതിന് ''വേണമെങ്കിൽ  ഒരു സ്പൂണ്‍ ബീഫ് ഫ്രൈ തന്നേക്കാം സവോള ചോദിക്കരുത് '' എന്ന മറുപടിയില്ലാത്ത  ഗോൾ നേരിടേണ്ടി വന്ന ഗോളിയാണ്ഞാൻ. ബീഫ് ഫ്രൈയുടെ അവസ്ഥ ഇതാണെങ്കിൽ മുട്ട റോസ്റ്റിന്റെ കാര്യം പറയണോ ?

പണ്ടൊക്കെ സവോള അരിയുമ്പോൾ മാത്രം വന്നിരുന്ന കണ്ണീർ ഇപ്പോൾ അതിന്റെ വില കേൾക്കുമ്പോഴേ വന്നു തുടങ്ങി . കണ്ണീരും സവോളയുമായി  ഇത്രയ്ക്ക് അഭേദ്യമായ ഒരു അവിഹിത ബന്ധം നിലനിൽകുന്നതിനെക്കുറിച്ച്  മുഖ്യമന്ത്രിയുടെ  ഓഫീസിന്റെ പ്രതികരണം അറിയാൻ  ഒരു സവോള ഉപഭോക്താവ് എന്ന നിലയിൽ എനിക്ക് അവകാശമുണ്ട് .
 
 ജാതി- മത- വർഗ്ഗ -രാഷ്ട്രീയഭേതമന്യേ  ജനലക്ഷങ്ങളുടെ കണ്ണുനീരിന്റെ വില മുൻ  നിർത്തി  യുദ്ധകാലാടിസ്ഥാനത്തിൽ  ഇതിനൊരു പരിഹാരമുണ്ടാക്കേണ്ടത്  ഒരു ജനാധിപത്യ സര്ക്കാരിന്റെ കടമയാണ്. ബഹുമാനപ്പെട്ട മിനിസ്റ്റർ  ഇക്കാര്യത്തിലെങ്കിലും 'ദ  ദ്ദ ദ്ദാ ' അടിക്കാതെ നയം വ്യക്തമാക്കണം . പൂർവ്വാശ്രമത്തിൽ ഉള്ളിയരിഞ്ഞ്‌ ഒരു പാട് അനുഭവ സമ്പത്തുള്ള സരിതാ മാഡവും ശാലു ടീച്ചറും ഇപ്പൊ ഇതിനെ കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാതെ 'പുറം' തിരിഞ്ഞു നിൽക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.പൊതുജനം ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കണം.
 
പൊടുന്നനെയുണ്ടായ ഈ വിലക്കയറ്റത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ കരുതിക്കൂട്ടി പ്രകടനം നടത്തിയ പ്രതിപക്ഷത്തിന് ഒരു ലക്ഷം പേരെ ഊട്ടാനുള്ള സവോള കിട്ടിയ വഴികളെക്കുറിച്ച് സിറ്റിംഗ്  ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത്തിന്റെ ആവശ്യകത ഈയവസരത്തിൽ ചോദ്യം ചെയ്യപ്പെടെണ്ടതാകുന്നു. ഇതിനെല്ലാം പുറമേ ഇതര സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് സവോള കിട്ടുമെന്നിരിക്കെ അവിടെ ആ വിലയ്ക്ക് സവോളയും മേടിച്ച് പരിപ്പുകറിയുണ്ടാക്കി  ചപ്പാത്തി സമൂലം ഭക്ഷിച്ചു കൊണ്ടിരുന്ന പട്ടാളക്കാരെ മുഴുവൻ 'പാക്കിസ്ഥാൻ ഇപ്പൊ കേരളത്തിലേക്ക് മാറ്റി' എന്ന് പറഞ്ഞു പറ്റിച്ച് ശേഷിച്ച സവോളകൾ തിന്നു തീര്ക്കാൻ പ്രോത്സാഹനം കൊടുത്ത സർക്കാർ  'നിർത്താതെ പോയ സൂപ്പർ ഫാസ്റ്റിനെ നോക്കി കൊഞ്ഞനം കുത്തുന്ന വല്യപ്പന്മാരെപ്പോലെ' ജനങ്ങളുടെ പ്രതിഷേധങ്ങളെ  കാണുന്നതാണ് യഥാർത്ഥ ഫാസിസം.. വന്യജീവി സംരക്ഷണ നിയമപ്രകാരം ആത്മരക്ഷാർത്ഥം ഒരു പുലിയെ കൊന്നതിന് ഒരു മനുഷ്യനെ തുറുങ്കിലടച്ച നാടാണ് നമ്മുടെ കേരളം. പ്രകൃതി നിയമങ്ങൾ  ജീവജാലങ്ങൾക്കെല്ലാം ബാധകമാണ് .ആയതിനാൽ ഇല്ലാത്ത ക്ഷാമം ഉണ്ടാക്കി ജനങ്ങളെ കണ്ണീരു കുടിപ്പിക്കുന്ന സർക്കാർ രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നിർത്തുന്നു .
                                                                                   ജയ്‌ സവാള .
                                                                                              എന്ന്
                                                                                              സെക്രട്ടറി (ഒപ്പ് )
                                                                                               സവാള സംരക്ഷണ സമിതി
                                                                                               പാലാരിവട്ടം  ഏരിയാ കമ്മിറ്റി .



NB :നാളെ ഇവിടെ ഒരു മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ അത് സവോളയ്ക്ക് വേണ്ടിയായിരിക്കും .