Thursday, September 25, 2014

തിരഞ്ഞെടുത്ത ചില ബിവറേജ് ചിന്തകൾ ...!!!


34 ബിവറേജ്  ഔട്ട്‌ ലെറ്റുകൾ  പൂട്ടുന്നു . അതിൽ പൂത്തോട്ടയും ഉൾപ്പെടുന്നു എന്നറിയുമ്പോൾ ഒരു മിഡിൽ ക്ലാസ്  പൂത്തോട്ടക്കാരനായ ഞാൻ ചിരിക്കണോ അതോ കരയണോ ?
 മദ്യത്തെ ഒരു ലഹരിയായി മാത്രം കാണാതെ ഒരു പാനീയമായി കണ്ട് കൂമ്പ് വാട്ടിയ ഒരു തലമുറയ്ക്ക്  മുന്നിൽ നിന്നുകൊണ്ട് വിഡ്ഢിച്ചിരി ചിരിക്കുന്നതിൽ  കഴമ്പില്ല. ലഹരിയുടെ കുത്തേറ്റു ചീർത്ത കൗമാര യൗവ്വനങ്ങൾക്ക് ചിരിയുടെയും കരച്ചിലിന്റെയും അർഥവ്യത്യാസങ്ങൾ മനസിലാകണമെന്നുമില്ല .ചിരിയും കരച്ചിലും മാറ്റിവച്ച്  തല്ക്കാലം ചിന്തിക്കാനാണ് തീരുമാനം.
'ടൂ മച്ച് ഓഫ് എനിതിംഗ് ഈസ്‌ ഗുഡ് ഫോർ  നത്തിംഗ് ' 
അഥവാ 'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കീ '' എന്നാ അവസ്ഥയാണ് കേരളത്തിൽ സംഭവിച്ചത്. കേരളത്തിലെ ബീ ടെക്കും  ഫേസ്ബുക്ക് ഫോട്ടോഗ്രാഫിയും പോലെ തന്നെ ആവശ്യത്തിലധികം
മണ്ടന്മാർ ഇടിച്ചു കയറിയത് മൂലം അന്യം നിന്ന് പോകുന്ന ഒരു കലാരൂപമാണ്‌ 'മദ്യപാനവും'.  മദ്യവും മദ്യപാനവും ഇന്നോ ഇന്നലയോ പൊട്ടി മുളച്ച ഒന്നല്ല. പുരാണങ്ങളിലെ  സോമരസവും കാനായിലെ വീഞ്ഞുമൊന്നും കുടിച്ച് ആരും വീലായതായോ  ഉടുമുണ്ട് അഴിച്ച്  തലയിൽ  കെട്ടി മതി വരാതെ വീണ്ടും ഷെയറിട്ട് അടിച്ചതായോ എങ്ങും പ്രതിപാദിക്കുന്നില്ല.പക്ഷെ സാമൂഹികമോ വ്യക്തിപരമോ ആയ ഏതോ ഒരു നിയന്ത്രണം എല്ലാറ്റിനും ഉപരിയായി സ്വയം പാകപ്പെടുത്തിയെടുത്ത ഒരു മനസിന്റെ കടിഞ്ഞാണ്‍ അതൊക്കെയായിരുന്നു  ലഹരിയുടെ മാരക പ്രഹരങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചു പോന്നത് .
മദ്യപാനം ഒരു പകർച്ചവ്യാധിയൊ പരമ്പരാഗത രോഗമോ അല്ല .ആയിരുന്നെങ്കിൽ  ആസ്ഥാന മദ്യവിരുദ്ധരുടെ മക്കൾസ്   ഷാപ്പിലെ പറ്റുകാരാകുകയും  മുഴുക്കുടിയന്മാരുടെ  സന്തതികൾ സുവിശേഷ പ്രാസംഗകർ ആകുകയും  ചെയ്യില്ലായിരുന്നു. ഏതൊരു വിഷയത്തിലേയും പോലെ ശരിയായ വിദ്യാഭ്യാസത്തിന്റെയും  പ്രോപ്പർ പാരന്റിംഗ് -ന്റെയും കുറവ് തന്നെയാണ് ഹെൽമെറ്റ്‌ വച്ച കൌമാരങ്ങളെ ബിവറേജ് ക്യൂവിൽ കൊണ്ടെത്തിക്കുന്നത് .  മദ്യപാനം സ്റ്റാറ്റസിന്റെ ഭാഗമാണെന്ന് മലയാളിയെ തെറ്റിദ്ധരിപ്പിച്ച നാറിയുടെ തലയിൽ ഇടിത്തീ വീഴട്ടെ. വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്ന സോഷ്യൽ ഡ്രിങ്കിംഗിനും കുടുംബത്ത് പോലും പോകാതെ ബാറിൽ  കിടന്നടിക്കുന്ന ക്രൂഷ്യൽ ഡ്രിങ്കിങ്ങിനും അമ്പും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസമുണ്ട് . എന്നിരുന്നാലും ഈ കോപ്പിലെ  ന്യൂ  ജെനറേഷൻ കുടിയന്മാർ കാരണം ഈ രണ്ടു കാറ്റഗറിക്കും താരതമ്യേന ഒരേ വിലയാണ് ഇന്ന് കേരളത്തിൽ. വീടുപണിയുമ്പോഴും  കൂട്ടത്തിൽ മദ്യപിക്കുമ്പോഴും  ഒരുതരം 'അറ്റെൻഷൻ  സീക്കിങ്ങ്  ബിഹേവിയർ' (ASB )ആണ് പുതുതലമുറയ്ക്കിപ്പോൾ .സ്വന്തം ആവശ്യത്തിനുമപ്പുറം ഞാൻ എന്തൊക്കെയോ ആണ് എന്ന് പുറം ലോകത്തെ അറിയിക്കണം എന്ന കുന്തളിപ്പ് . അതൊരു തരം മാനസിക രോഗമാണ് . ആവശ്യം ചികിത്സ വേണ്ട ഗുരുതര രോഗം. ഗാർഹിക തലത്തിലും സ്കൂൾ തലത്തിലും ബോധവൽക്കരണം  വേണ്ടുന്ന ഒരു ഗുരുതര വിഷയമായി മാറിയിരിക്കുന്നു മദ്യപാനം .മദ്യത്തെ ശത്രുവായി ചിത്രീകരിക്കാതെ അതൊരു ആപത്തായും സാമൂഹിക വിപത്തായും അവതരിപ്പിക്കാനുള്ള കെൽപ്പും  കൂറും സമൂഹത്തിനുണ്ടാവണം. പൊതുസമൂഹത്തിൽ ആവശ്യത്തിലധികം അവസരങ്ങളും അത് പ്രോത്സാഹിപ്പിക്കാൻ കുറെ വിവര ദോഷികളും കൂട്ടിനുണ്ടെങ്കിൽ  പ്രൈമറി ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾ  പോലും മദ്യപന്മാരായാൽ അത്ഭുതപ്പെടാനില്ല . മത്സരിച്ച് കഴിവ് തെളിയിക്കാനുള്ള ഒരു കൊമ്പറ്റീഷൻ ഐറ്റം അല്ല മദ്യപാനം എന്ന  ബോധമാണ് ആദ്യമുണ്ടാവേണ്ടത് .എന്തിനും ഏതിനും മദ്യം എന്ന ചിന്തയും ശീലവും മാറേണ്ടതുണ്ട് . സ്വബോധമില്ലാതെ സന്തോഷിക്കുന്നതിലും എത്രയോ മധുരമുള്ള ലഹരിയാണ് സുബോധത്തോടെ സന്തോഷിക്കുന്നത് . ജീവിതമാണ് ലഹരി..., അതില്ലാതാകുമ്പോഴേ അതിന്റെ വില മനസിലാകൂ ...!!! എല്ലാ ലഹരിക്കും മേലെ  ജീവിതം കൊതിപ്പിക്കട്ടെ....!!!
പൂത്തോട്ടയെ സംബന്ധിച്ചിടത്തോളം അതിനെ വളർത്തിയതും തളർത്തിയതും മണലും  മദ്യവുമായിരുന്നു , അതുമൂലം പൊലിഞ്ഞു വീണത്‌ അനിയന്മാരുടെ  പോലും പ്രായമില്ലാത്ത എത്രയെത്ര കുരുന്നു കൌമാരങ്ങൾ ...!!! പരിസരപ്രദേശങ്ങളിൽ നടന്ന ഒട്ടുമിക്ക അപകട മരണങ്ങൾക്കും പ്രത്യക്ഷമായ കാരണം  മദ്യമായിരുന്നു.വാശിക്ക് എറിഞ്ഞുടച്ച ചേതനയറ്റ ശരീരം, അതിൽ കെട്ടിപ്പിടിച്ച് അവരുടെ അമ്മമാരുടെ കരച്ചിൽ ,
 എത്ര ശ്രമിച്ചിട്ടും ഇപ്പോഴും മറക്കാനായിട്ടില്ല  മക്കളേ ..രണ്ടും.,!!

ഓരോ വിപ്ലവങ്ങൾ കാണുമ്പോഴും കാതിലിപ്പോഴും മുഴങ്ങുന്നുണ്ട് അതിലൊരമ്മയുടെ നെഞ്ച് തുളയ്ക്കുന്ന നിലവിളി ''അമ്മയ്ക്ക് ഇനി  ആരുണ്ടെടാ മക്കളേ '' ...!!!


.
.
.
.എല്ലാ ലഹരിക്കും മേലെ  ജീവിതം കൊതിപ്പിക്കട്ടെ....!!!