A B O U T M E


ഞാന്‍ നവീന്‍ ...ഏറണാകുളം ജില്ലയിലെ പൂത്തോട്ട എന്ന ഗ്രാമത്തില്‍ ...,
ഹിരോഷിമയില്‍ ആറ്റം ബോംബിട്ടതിന്‍റെ മുപ്പത്തി ഏഴാം വാര്‍ഷികത്തിന്‍റെ അന്നാണ് ഈയുള്ളവന്‍റെ ജനനം .

ജനിച്ച് അരമണിക്കൂറിനുള്ളില്‍ വീടിന്‍റെ കിഴക്ക് വശത്ത് നിന്നിരുന്ന ആഞ്ഞിലി ഒരെണ്ണം അയലോക്കക്കാരുടെ പശുത്തൊഴുത്തിലേക്ക് പ്ധിം...
വിത്തിന്‍ ഫ്രാക്ഷന്‍ ഓഫ് സെക്കന്റ്സ് ഡെയിലി അഞ്ചാറ് ലിറ്റര്‍ പാല്‍ തന്നു കൊണ്ടിരുന്ന ജഴ്സിപ്പശു ഒരെണ്ണം ഠിം...

ഭയചകിതരായ വീട്ടുകാര്‍ ആറ്റുകാല്‍ രാഘവനെ കണ്ട് പ്രശ്നം വപ്പിച്ചത് അതിലും വലിയ പ്രശ്നമായി മാറി...


എനിക്ക് 'ക്ലാവര്‍ ജാക്കില്‍' 'ഗുലാന്‍റെ' അസ്കിത ഉണ്ടത്രേ ...


ധനനഷ്ട്ടം, മാനഹാനി എന്നിവ ആവശ്യത്തിലധികം ഉണ്ടാകുമെങ്കിലും ശത്രുലാഭത്തിന് മാത്രം ഒരു കുറവും വരില്ലാത്രേ..

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ ബനീഞ്ഞാ സിസ്റ്റര്‍ ഐസക് ന്യൂട്ടന്‍റെ കഥ പറഞ്ഞു തന്നപ്പോ മുതല്‍ തുടങ്ങിയതാണ്‌ ഒരു ശാസ്ത്രന്ജനാകണം എന്ന മോഹം... അതിനു വേണ്ടി മാവ് ,പേര, അമ്പഴം മുതലായ മരങ്ങളുടെ ചോട്ടിലെല്ലാം ഞാന്‍ പോയിരുന്നു... ബട്ട്‌ തലയില്‍ ഒരു മാങ്ങാണ്ടി പോലും വീണില്ല... അത് കൊണ്ട് ഇന്ന് വരെ ഒരു കോപ്പും കണ്ട് പിടിക്കാന്‍ സാധിച്ചില്ല...

ഞാന്‍ തലകുത്തിമറിഞ്ഞ് ചിന്തിച്ചു കണ്ട് പിടിച്ച പലകാര്യങ്ങളുടെയും പേട്ടണ്ടികള്‍ സോറി പേറ്റന്റുകള്‍ കൊല്ലങ്ങള്‍ക്ക് മുന്നേ ആമ്പിള്ളേര്‍ അടിച്ചോണ്ട് പോയിരുന്നു...

നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ നിന്നും ഒരു പൊതിച്ചോറും കെട്ടി ഞാന്‍ അമേരിക്ക കണ്ടുപിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട കഥ നാട്ടിലിപ്പോഴും പാട്ടാണ്... (കൊളംബസ്സിനു ഞാന്‍ വെച്ചിട്ടുണ്ട്രാ )
.
.
. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുലാഭത്തിനും ധനനഷ്ട്ടത്തിനും ചെറിയ കുറവുണ്ടെങ്കിലും
മാനഹാനിക്ക് ഇരുപത്തി ഒന്‍പതു കൊല്ലമായിട്ടും യാതൊരു കുറവുമില്ല...

എന്‍റെ ആശയങ്ങളെ നാട്ടുകാര് ഭ്രാന്ത് എന്നോമനപ്പേരിട്ടു വിളിച്ചപ്പോള്‍ ഒരു കൊലച്ചിരിയോടെ 'ഒന്ന് പോടാ ഉവ്വേ' എന്ന് പറഞ്ഞ് [മനസ്സില്‍‌] എനിയ്ക്ക്‌ തോന്നിയതെല്ലാം ഒരു വരയിടാത്ത താളില്‍ ഞാന്‍ കോറിയിട്ടു... പില്‍ക്കാലത്ത് അത് 'ബ്ലോഗ്' എന്ന പേരില്‍ ലോകം കണ്ടു...
...ന്‍റെ 'കൂതറ' ബ്ലോഗുകള്‍ കാണാന്‍ ഇവിടെ ക്ലിക്കൂ...
www.naveenjjohn.blogspot.com

http://www.flickr.com/photos/naveenjjohn/

ഭൂമിയെ സൃഷ്‌ടിച്ച അതുല്യമായ ആ അദൃശ്യശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു .
കാരണവന്മാര്‍ അതിനെ ദൈവമെന്നും സ്രഷ്ടാവെന്നും പടച്ചവനെന്നും പ്രകൃതിയെന്നുമെല്ലാം വിളിച്ചു എന്നെ കണ്ഫ്യൂഷനാക്കിക്കളഞ്ഞു.. ആയതിനാല്‍ പുസ്തകത്താളുകള്‍ മറിച്ചുരുവിടുന്ന വാക്കുകള്‍ക്കും ഹൃദയവേദനകളുടെ ഏറ്റുപറച്ചിലിനുമപ്പുറം ''നന്ദി'' എന്ന രണ്ടക്ഷരങ്ങളില്‍ എന്റെ പ്രാര്‍ഥനകള്‍ ചുരുക്കാന്‍ ഏറെയിഷ്ടം .. . ''വായ കീറിയവന്‍ അന്നം തരും''എന്ന വിശ്വാസം ഉള്ളിലെപ്പോഴും ഉണ്ട്..
ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഞാന്‍ നില്‍ക്കുന്നിടം ആണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതിനാല്‍ മതപ്രസംഗകരോടും നിരീശ്വരവാദികളോടും സഹതാപമാണ് ..
ഇത്രേയുള്ളൂ... ഞാന്.
ഇതിനപ്പുറത്തെയ്ക്ക്
'' വീണിടം വിഷ്ണുലോകം'' അത്ര തന്നെ.